ന്യൂഡെൽഹി: ഡെൽഹിക്കുമേൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബിൽ ലോക്സഭയിൽ പാസ്സായി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കുന്ന കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്സഭ പാസാക്കിയത്. ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബിൽ ഇനി രാജ്യസഭയിലും പാസാകേണ്ടതുണ്ട്.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടിയാകുന്നതാണ് നീക്കം. ‘ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി അമൻഡ്മെന്റ് ബിൽ’ 2021 അനുസരിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അടക്കമുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്ക് ബിൽ നൽക്കുന്നു. പുതിയ നിയമപ്രകാരം ഡെൽഹിയിൽ രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കേന്ദ്ര സർക്കാർ പ്രതിനിധിയായി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം ഉണ്ടായിരിക്കും. കഴിഞ്ഞഴാഴ്ചയാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.
ഡെൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള തർക്കത്തിൽ സുപ്രിം കോടതി ഇടപെട്ട് മൂന്നു വർഷത്തിനകമാണ് കേന്ദ്ര സർക്കാർ ഈ ബിൽ കൊണ്ടുവന്നത്. ഡെൽഹി സർക്കാരിന്റെയും ലഫ്റ്റനന്റ് ഗവർണറുടെയും ഉത്തരവാദിത്തങ്ങൾ ബിൽ കൃത്യമായി നിർവചിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ദി ഗവൺമെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി എന്ന ബിൽ ഇനി രാജ്യസഭയും പാസാക്കണം.
അതേസമയം ഡെൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ബില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ജനങ്ങൾ വോട്ടുചെയ്ത് വിജയിപ്പിച്ചവരിൽ നിന്ന് അധികാരം കവർന്നെടുത്ത് ജനങ്ങൾ തോൽപ്പിച്ചവർക്ക് നൽകുന്നതാണ് ബിൽ. ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡെൽഹി സർക്കാർ എന്ത് നടപടികൾ സ്വീകരിക്കുന്നതിനു മുൻപും ലഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം ആരായണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.