സംസ്ഥാന സർക്കാർ മത്സ്യതൊഴിലാളികൾക്കെതിരെ രഹസ്യ കരാറുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മത്സ്യതൊഴിലാളികൾക്കെതിരെ എൽഡിഎഫ് സർക്കാർ രഹസ്യ കരാറുണ്ടാക്കിയെന്നും കയ്യോടെ പിടിക്കപ്പെട്ടപ്പോൾ സർക്കാർ അതിൽ നിന്ന് പിന്മാറിയെന്നും രാഹുൽ വിമർശിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി ഇന്ന് പര്യടനം നടത്തിയത്.

പിൻവാതിൽ നിയമനവും ഇഎംഎസിസി കരാറും അടക്കം സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. രാവിലെ 11 മണിയോടെ കൊച്ചിയിലെത്തിയ രാഹുൽ ഗാന്ധി എറണാകുളം സെൻറ് തെരേസാസ് കോളജ് വിദ്യാർഥികളുമായി നടത്തിയ സംവാദത്തോടെയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

വൈപ്പിൻ മണ്ഡലത്തിലെ പ്രചാരണ പരിപാടിയായിരുന്നു രാഹുലിന്റെ ആദ്യ പൊതുപരിപാടി. കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികൾക്ക് ശേഷം അരൂരിൽ നിന്ന് കായംകുളം വരെ റോഡ് ഷോ ആയാണ് രാഹുലിന്റെ ആലപ്പുഴ ജില്ലയിലെ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

അരൂർ, ചേർത്തല, ആലപ്പുഴ, അമ്പപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലായിരുന്നു ആലപ്പുഴയിലെ രാഹുലിന്റെ പ്രചാരണ യോഗങ്ങൾ‍. പൊന്നംവെളിയിൽ കയർ സൊസൈറ്റി തൊഴിലാളികളുമായി രാഹുൽ സംവദിച്ചു. നാളെ കോട്ടയം ജില്ലയിലെയും എറണാകുളം ജില്ലയിലെയും വിവിധ മണ്ഡലങ്ങളിലെ യോഗങ്ങളിൽ രാഹുൽ പങ്കെടുക്കും.