ദുബായ് : യുഎഇയിലെ ജയിൽ മോചിതരായ പാകിസ്ഥാൻ തടവുകാരെ തിരിച്ചു കൊണ്ടുപോകാനുള്ള നടപടികൾ തുടങ്ങി. യുഎഇ ഭരണകൂടം സജ്ജമാക്കിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് ഇവരെ പാകിസ്ഥാനിലെ ഫൈസലാബാദിലേക്ക് കൊണ്ടുപോകുന്നത്. യാത്ര ചിലവ് പാക് ഭരണകൂടമായിരിക്കും വഹിക്കുന്നത്. ജയിൽ മോചിതർ ആയവരെ മാത്രമേ ഈ വിമാനത്തിൽ കൊണ്ടുപോകുകയുള്ളു.
അതേസമയം യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോകേണ്ട മറ്റു പൗരന്മാരുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും അനുമതി ലഭിച്ചാൽ ഉടൻ പ്രതേക വിമാന സർവീസുകൾ വഴി പാകിസ്ഥാനിൽ എത്തിക്കുമെന്നാണ് കോണ്‍സുലേറ്റിന്റെ ട്വീറ്റില്‍ അറിയിച്ചിരിക്കുന്നത്.
അടുത്തയാഴ്ച മുതല്‍ തന്നെ പാകിസ്ഥാനിലേക്കുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ തുടങ്ങുമെന്നാണ് യുഎഇ മാധ്യമങ്ങള്‍ പറയുന്നത്. തടവുകാരെയുമായി പാകിസ്ഥാനിലേക്ക് പോകുന്ന ഫ്ലൈ ദുബായ് വിമാനം തിരികെ വരുമ്പോള്‍ പാകിസ്ഥാനിലെ യുഎഇ എംബസിയില്‍ ജോലി ചെയ്യുന്ന 11 ജീവനക്കാരെ ദുബായിലെത്തിക്കുമെന്നും പാകിസ്ഥാന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
നിലവില്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന 25,000ല്‍ പരം പാകിസ്ഥാനി പൗരന്മാര് തിരികെ പോകാനായി എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.