യുഡിഎഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയന് കൽത്തുറുങ്ക് ഉറപ്പ്: കെ സുധാകരൻ

കണ്ണൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയന് കൽത്തുറുങ്ക് ഉറപ്പാണെന്ന് കെ സുധാകരൻ എംപി. ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വർഷം കൊണ്ടുനടന്നു, പിന്നീട് ഐടി കോർഡിനേറ്ററാക്കി, ഒരേ ഹോട്ടലിൽ താമസിപ്പിച്ചു എന്നിട്ടും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

പിണറായി വിജയൻ ഉള്ളുപ്പില്ലായ്മയുടെ പ്രതീകമാണ്. ഓഖി ദുരന്തത്തിൽ മൃതദേഹങ്ങൾ കടൽ തീരത്ത് അടിഞ്ഞപ്പോൾ, ഫയൽ നോക്കിയിരുന്ന ക്രൂരനാണ് മുഖ്യമന്ത്രി. ജനങ്ങൾ നേരിട്ടപ്പോൾ റവന്യു മന്ത്രിയുടെ കാറിൽ മുഖ്യമന്ത്രി രക്ഷപ്പെട്ടു. ജനങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട മുഖ്യമന്ത്രിയിൽ നിന്ന് ഈ നാട് എന്ത് ഔന്നത്യമാണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഈ മുഖ്യമന്ത്രിയെ വിശ്വാസിക്കാമോ? എംവി രാഘവനെ കൊല്ലാൻ പോയ പുഷ്പൻ എന്ന ചെറുപ്പക്കാരന് മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം നൽകി. കേരളത്തിലെ ജനങ്ങളുടെ മുഖത്ത് നോക്കി കളവ് പറയാനുള്ള തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ ആരാണ്? ജനം അറിയാതിരിക്കാനുള്ള വസ്തുതകൾ ഉള്ളത് കൊണ്ടാണ് സ്വപ്നയെ അറിയില്ലന്ന് പറയാൻ കാരണം. പത്താം ക്ലാസ് പാസാകാത്ത തെരുവോര പെൺകുട്ടിയെ കൊണ്ടുപോയി, വലിയ മുറിയും, വൻ ശമ്പളവും കൊടുത്ത ആളാണ് മുഖ്യന്ത്രി.

തീരദേശ മത്സ്യബന്ധന കരാർ ഇല്ലന്ന് പറഞ്ഞു. പിന്നെ എങ്ങനെയാണ് അത് റദ്ദാക്കിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചെത്തുകാരന്റെ മകനാണ്. പിണറായി വിജയൻ പണക്കാരനാണ്. ജയരാജൻ ജഗജില്ലിയാണ്. 40 വണ്ടി അകമ്പടി വേണമെന്ന് പറഞ്ഞാൽ, ഇത് കോരേട്ടന്റെ മകനാണെന്ന് ഞാൻ ചോദിച്ചാൽ തെറ്റാണോ?

കേരളത്തിലെ ബിജെപിയുടെ വളർച്ചയിൽ കെ സുധാകരൻ ആശങ്ക പ്രകടിപ്പിച്ചു. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണെന്നും, യുഡിഎഫിന് ഇത് നിർണായകമായ തെരഞ്ഞെടുപ്പാണെന്നും യുഡിഎഫ് പരാജയപ്പെട്ടാൽ അത് ബിജെപിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത് നിർണായകമായ തെരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വർഷം യുഡിഎഫ് അഞ്ച് വർഷം എൽഡിഎഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയർന്നുവരുന്നുണ്ട്. പക്ഷേ അവർ ശക്തരല്ല. എന്നാൽ അവർ ശക്തരാകുന്ന നടപടിയിലേക്ക് യുഡിഎഫിന്റെ പരാജയം നയിക്കുമെന്ന ഓർമ ഓരോരുത്തർക്കും വേണം. ജയിക്കണം. അധികാരത്തിലേക്ക് തിരിച്ച്‌ വരണം’ – സുധാകരൻ പറഞ്ഞു.