പത്തനംതിട്ട: ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി ക്ഷണിച്ചിരുന്നതായുള്ള വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് പിജെ കുര്യൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളത്. ഉപരാഷ്ട്രപതിയുടെ പദവിയിലേക്ക് പരിഗണിച്ചതിൽ പ്രധാനമന്ത്രിയെ കണ്ട് നന്ദി അറിയിച്ചിരുന്നു. പദവിക്ക് വേണ്ടി പാർട്ടി മാറുന്ന ആളല്ലെന്നും കുര്യൻ വ്യക്തമാക്കി.
എന്നാൽ, ഈ ഓഫർ നിരസിച്ചതായും ഒരിക്കലും കോൺഗ്രസ് പാർട്ടി വിട്ടുപോകില്ല എന്നതാണ് തൻ്റെ നിലപാടെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചതായും കുര്യൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എൻഎസ്എസ് പിന്തുണ യുഡിഎഫിന് ഉണ്ടാകും. എൻഎസ്എസ് പറയുന്ന സമദൂരം തെരഞ്ഞെടുപ്പിൽ ആർക്ക് അനുകൂലമാകണമെന്ന് സമുദായ അംഗങ്ങൾക്ക് അറിയാമെന്നും പിജെ കുര്യൻ പറഞ്ഞു.
നായർ സമുദായം കാര്യങ്ങൾ മനസിലാക്കി വോട്ട് ചെയ്യും. കോൺഗ്രസിൻ്റെ രാജ്യസഭാ സീറ്റും തട്ടിയെടുത്താണ് ജോസ് കെ മാണി എൽഡിഎഫിനൊപ്പം പോയത്. കേരളാ കോൺഗ്രസിൻ്റെ മുന്നണി മാറ്റം ഒരു ചലനവും തെരഞ്ഞെടുപ്പിൽ ഉണ്ടാക്കില്ലെന്നും പിജെ കുര്യൻ പറഞ്ഞു.