തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയമില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പിണറായി ക്കെതിരേ മത്സരിക്കുന്നതിന്റെ പേരിൽ ഇതുവരെ ഒരു ഭീഷണിയുമുണ്ടായിട്ടില്ല. എന്നാൽ ഇനി ഭീഷണിപ്പെടുത്തി ഓടിക്കാൻ വരില്ലെന്ന് പറയാനാകില്ലെന്നും അമ്മ പറഞ്ഞു.
മക്കളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് മത്സരം. എന്തുകൊണ്ട് വാക്കുപാലിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാനുള്ള അവസരമായിട്ടാണ് സ്ഥാനാർഥിത്വത്തെ കാണുന്നത്. ഇതിന്റെ പേരിലുള്ള ഭവിഷ്യത്തുകൾ താൻ ഇതുവരെ അനുഭവിച്ചതിന്റെ അത്രത്തോളം വരില്ലെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
കേസ് അട്ടിമറിച്ചവർക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാക്കുനൽകിയിരുന്നു. എന്നാൽ പിന്നീട് താൻ കേൾക്കുന്നത് കുറ്റക്കാർക്കെതിരേ നടപടിയെടുക്കാതെ അവർക്ക് സ്ഥാനക്കയറ്റം നൽകിയെന്നാണ്. മൂത്ത കുട്ടിയുടെ കേസന്വേഷണം മാത്രമാണ് സിബിഐക്ക് വിട്ടത്.
ഇളയകുട്ടിയുടെ ദുരൂഹ മരണം സിബിഐക്ക് വിടാത്തത് ചതിയാണെന്നും അവർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനായ സോജൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞിട്ടും കേസ് അട്ടിമറിച്ചവർക്കെതിരേ സർക്കാർ നടപടിയെടുക്കുന്നില്ല. ആരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ ചോദിച്ചു.