കൊച്ചി: നിർണായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്ചയിൽ ആശ്വാസമേകി പിജെ ജോസഫും പി സി തോമസും. സീറ്റ് നൽകാതെ എൻഡിഎ പിസി തോമസിനെ തഴഞ്ഞപ്പോൾ കോടതി വിധിയോടെ സ്വന്തമായി പാർട്ടിയില്ലാതായി നിസാഹായനായ പി ജെ ജോസഫിന് പി സി തോമസിൻ്റെ പാർട്ടി കരുത്തായി. അങ്ങനെ പിസി തോമസ് യുഡിഎഫിലേക്ക്. എന്‍ഡിഎ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പി സി തോമസ് എന്‍ഡിഎ വിടുകയും ചെയ്തോടെ ഇരുകൂട്ടർക്കും പുതിയ വഴി തുറന്നു. പി ജെ ജോസഫ് വിഭാഗം പി സി തോമസിന്റെ കേരളാ കോൺഗ്രസ് പാര്‍ട്ടിയില്‍ ലയിക്കും.
ലയനത്തോടെ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാവും. പി സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനും, മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനുമാവും. ഇന്ന് കടുത്തുരുത്തിയില്‍ നടക്കുന്ന യോഗത്തില്‍ ലയന പ്രഖ്യാപനം ഉണ്ടാവും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കുകയും, തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ കാര്യത്തില്‍ പരിഹാരമാവുകയും ചെയ്യും.
എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പി സി തോമസ്. എന്നാല്‍ ,ബിജെപിയില്‍ നിന്ന് വലിയ അവഗണന നേരിട്ടെന്നാണ് പി സി തോമസ് പക്ഷത്തിന്റെ വിലയിരുത്തല്‍. നേരത്തേ യുഡിഎഫിലെത്താൻ പിസി തോമസ് നടത്തിയ നീക്കങ്ങൾ പൊളിഞ്ഞിരുന്നു. മാറിയ സാഹചര്യത്തിലാണ് പുതിയ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞത്.