ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം/ ആലപ്പുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടുമാണ് പത്രിക സമർപ്പിച്ചത്.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പത്രിക സമർപ്പണങ്ങൾ. ഉമ്മൻ ചാണ്ടിയോടൊപ്പം ഒരു സഹായി മാത്രമാണ് ഓഫീസിലേക്ക് പത്രിക സമർപ്പണത്തിനായി എത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് ഉമ്മൻചാണ്ടി സമർപ്പിച്ചത്. പുതുപ്പള്ളിയിൽ 12ാമത് മത്സരത്തിനാണ് ഉമ്മൻചാണ്ടി ഒരുങ്ങുന്നത്.

ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചില്ലറ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. പുതുപ്പളളി വിട്ട് നേമത്തേക്ക് ഉമ്മൻചാണ്ടി മാറുന്നു എന്ന വാർത്തകളാണ് ആദ്യം വന്നിരുന്നത്. അതിനെ തുടർന്ന് പുതുപ്പള്ളിയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. താൻ പുതുപ്പള്ളി വിടില്ല എന്ന ഉറപ്പ് ഉമ്മൻചാണ്ടി പ്രവർത്തകർക്ക് നൽകിയ ശേഷമാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്.

പത്രിക സമർപ്പണം നടക്കുന്ന പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുറത്ത് നിരവധി ആളുകളാണ് ഉമ്മൻചാണ്ടിയെ അനുഗമിച്ച് എത്തിയത്.

അഞ്ചാം തവണയാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഹരിപ്പാട് നിന്ന് ജനവിധി തേടുന്നത്. പ്രവർത്തകരോടൊപ്പം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചത്.