വയനാട്: കൽപ്പറ്റയിൽ ലോറി കെട്ടിടത്തിന് ഉള്ളിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക്. കളക്ടർ ബംഗ്ലാവിന് എതിർവശമുള്ള കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ലോറി ഏതാണ്ട് മുക്കാല്‍ ഭാഗവും കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറി. അപകടത്തിന്‍റെ ആഘാതത്തില്‍ കെട്ടിടം റോഡരികിലേക്ക് ചെരിഞ്ഞു.
കെട്ടിടം ഭാഗികമായി തകർന്നതിനാൽ ചുണ്ട മുതൽ കൽപ്പറ്റ വരെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പകരം ചുണ്ട മേപ്പാടി റൂട്ടിലൂടെ വാഹനങ്ങൾ കൽപ്പറ്റയിൽ എത്തണമെന്ന് പൊലീസ് അറിയിച്ചു. വെള്ളാരംകുന്ന് കോളേജ് വഴിയും കുന്നമ്പറ്റ പുത്തൂർവയൽ വഴിയും വാഹനങ്ങൾക്ക് പോകാമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചശേഷം സുരക്ഷിതമെങ്കിൽ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുല്ല അറിയിച്ചു. കെട്ടിടം സുരക്ഷിതമല്ലെങ്കിൽ പൊളിച്ചു മാറ്റുന്നത് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.