ന്യൂഡെൽഹി: കെട്ടിടത്തിന് മുകളിൽ നിന്ന് 22 വയസ്സുകാരി വീണ് മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഡെൽഹിയിൽ തൊഴിൽ സ്ഥാപനം നടത്തുന്ന മുകേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലത്ത് വീണ പെൺകുട്ടിയെ ഇയാൾ ചുമലിൽ എടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ശനിയാഴ്ച്ച രാവിലെയാണ് 22 വയസുകാരിയെ ഷാകൂർപൂരിനടുത്തുള്ള ചവറു കൂനയ്ക്കരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിൽ കേസെടുത്ത പൊലീസ് ഷാകുർപൂരിലുള്ള കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് യുവതി നിലത്ത് വീഴുന്നതിൻ്റെ, അതേ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വന്ന രണ്ടു പേർ യുവതിയെ എടുത്തു കൊണ്ടു പോകുന്നതിൻറെയും ദൃശ്യങ്ങൾ കണ്ടെടുത്തു.
ഝാർഖണ്ഡിൽ നിന്ന് ഡെൽഹിയിലേക്ക് ജോലി തേടിയെത്തിയതാണ് യുവതി. ഡെൽഹിയിൽ തൊഴിൽ സ്ഥാപനം നടത്തുന്ന മുകേഷ് കുമാറിമനെയാണ് ദൃശ്യങ്ങളിൽ കണ്ടത്. ഇയാളെ കാണാമയി ആണ് യുവതി ഷാകൂർ പൂറിലെത്തിയത് എന്ന് പൊലീസ് പറഞ്ഞു. ശമ്പളത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് യുവതിയെ കെട്ടിടത്തിൽ നിന്നും തള്ളിയിടുന്നതിലേക്ക് നയിച്ചത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മുകേഷ് കുമാർനെ പൊലീസ് ലക്നൗ – ആഗ്ര ഹൈവേയിൽ പിടികൂടി. സംഭവത്തിന് ശേഷം കുടുംബത്തോടൊപ്പം സ്ഥലം വിടാൻ ഒരുങ്ങുകയായിരുന്നു മുകേഷ്. ദൃശ്യങ്ങളിൽ ഇയാൾക്കൊപ്പം കണ്ട ജിതൻ എന്നയാളും പൊലീസ് പിടിയിലായി. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.