വനിതാ പ്രാതിനിഥ്യം കുറഞ്ഞു; സ്ഥാനാർഥി നിർണയത്തിൽ പൊ​ട്ടി​ത്തെ​റി; ല​തി​കാ സു​ഭാ​ഷ് രാ​ജി​വ​ച്ചു; ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധമാണ് നടത്തിയത്. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ വച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത്.

വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരി​ഗണിക്കണമെന്നും പറഞ്ഞ ലതികാ സുഭാഷ് താൻ തിരുത്തൽ ശക്തിയായി തുടരുമെന്നും പ്രഖ്യാപിച്ചു. ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് എങ്കിലും കോൺ​ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതുപോലും ഉണ്ടായിട്ടില്ല എന്നതിന് എന്താണ് വിശദീകരണം എന്നു പോലും അറിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

മഹിളാ കോൺ​ഗ്രസ് അധ്യക്ഷ ഒരിക്കലും പാർട്ടിക്കെതിരെ പോരാടില്ലെന്നും സീറ്റ് കിട്ടാൻ ബിന്ദു കൃഷ്ണയ്ക്ക് പോലും കണ്ണീരണിയേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു. വൈക്കത്തിൻ്റെ മരുമകളായ തന്നെ അവിടെ പോലും പരി​ഗണിച്ചില്ലെന്നും ഏറ്റുമാനൂർ സീറ്റ് താൻ ആ​ഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

എന്നാൽ സീറ്റ് നിഷേധിച്ചതിൻ്റെ പേരിൽ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം. മുതിർന്ന നേതാവ് എന്ന നിലയിൽ ലതികയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് നേതാക്കൾ പ്രതികരിച്ചു.

എല്ലാ ജില്ലകളിൽ നിന്നും വനിതാ സ്ഥനാർത്ഥി വേണമെന്നാണ് പറഞ്ഞിരുന്നത്. കണ്ണൂർ ജില്ലയിൽ നിന്ന് പ്രാതിനിധ്യമില്ല. കുറച്ച്‌ കൂടി സ്ത്രീ പ്രാതിനിധ്യം വേണമെന്നായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ലതികയ്ക്ക് സീറ്റ് നിഷേധിച്ചതിൽ വളരെ ദുഖമുള്ളയാളാണ് താന്നെന്നായിരുന്നു എം.എം. ഹസന്റെ പ്രതികരണം. ഒമ്പത് സ്ത്രീകളാണ് കോൺഗ്രസ് പട്ടികയിൽ ഇടംപിടിച്ചത്. പി.കെ. ജയലക്ഷ്മി-മാനന്തവാടി, കെ.എ. ഷീബ-തരൂർ, പത്മജ വേണുഗോപാൽ-തൃശൂർ, പി.ആർ. സോന -വൈക്കം, ഷാനിമോൾ ഉസ്മാൻ- അരൂർ, അരിത ബാബു- കായംകുളം, രശ്മി ആർ- കൊട്ടാരക്കര, ബിന്ദു കൃഷ്ണ- കൊല്ലം, അൻസജിത റസൽ- പാറശാല എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.

25 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സ്ഥാനാർഥികളുടെ എണ്ണം- 46 പേർ. 51 മുതൽ 60 വയസ്സ് വരെയുള്ള 22 പേർ. 60 വയസ് മുതൽ 70 വരെയുള്ള 15 പേർ, 70 വയസിന് മുകളിൽ പ്രായമുള്ള 3 പേർ എന്നിങ്ങനെയാണ് പട്ടിക.