കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂട്ടരാജി. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരും രാജി നല്‍കി.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. പാലക്കാട് ഒറ്റപ്പാലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കൊല്ലത്തും സ്ഥിതിഗതികള്‍ സമാനമാണ്. ബിന്ദു കൃഷ്ണയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തകര്‍ കൊല്ലത്ത് രംഗത്തിറങ്ങിയത്. ഒറ്റപ്പാലത്ത് ഡോ. സരിനു വേണ്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
കൊല്ലത്ത് ബിന്ദു കൃഷ്ണയെ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഡിസിസി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു. കൊല്ലം ഡിസിസി ഓഫീസില്‍ നടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബിന്ദു കൃഷ്ണ മത്സരിക്കണമെന്നാവശ്യപ്പെട്ട് വനിത പ്രവര്‍ത്തകര്‍ പൊട്ടിക്കരഞ്ഞു. ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും യോഗത്തില്‍ പറഞ്ഞു.