കൊച്ചി: നാടകക്കാരനെ രണ്ടാംതരം പൗരനായി കാണുന്ന സർക്കാരിനെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. എൽഡിഎഫ് സർക്കാരിനുള്ള തന്റെ പിന്തുണ പിൻവലിക്കുന്നുവെന്നായിരുന്നു പേരടി ഫെസ്ബുക്കിൽ പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ജോയ് മാത്യുവും തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.
നാടകം കളിച്ചു ജീവിച്ച ഒരാളെന്നുളള നിലയിൽ ഇതിനോട് പ്രതിഷേധിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. കേരളത്തിലെ കമ്യൂണിസത്തിന്റെ വളർച്ചയ്ക്ക് നാടകം വലിയ പങ്കാണ് വഹിച്ചത്. സിനിമയ്ക്ക് സെക്കന്റ് ഷോ അനുവദിച്ചിട്ട് ഇൻഫോക് നടത്താതിരിക്കുന്നതിൽ നിന്ന് നാടകത്തോട് വേർതിരിവുണ്ടെന്ന് വ്യക്തമാണ്.- അദ്ദേഹം വ്യക്തമാക്കി.
ഹരീഷ് പേരടിയുടെ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തിൽ നടൻ ജോയ് മാത്യുവിനുമുള്ളത്. സർക്കാർ ഇക്കൊല്ലം നാലിടത്ത് ചലച്ചിത്രോത്സവം നടത്തി. എത്രയോ വർഷങ്ങളായി തൃശൂരിൽ നടത്തുന്ന ഇപ്റ്റ(ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷൻ) നാടകോത്സവം നടത്താൻ ഇക്കൊല്ലം സർക്കാർ തയാറായില്ല. നാടകം കാണാൻ ആളുണ്ടായിട്ട് കൂടി വേദി തരാത്ത സർക്കാരിൻ്റെ നിലപാട് അനുകൂലിക്കാനാകില്ല.
തികച്ചും അവജ്ഞയോടെയാണ് സർക്കാർ നാടകത്തെ കാണുന്നത് എന്നതിന് ഇതിലും വലിയ തെളിവ് വേണോ? നാടകനടനെ സ്ഥാനാർഥിയാക്കുന്നത് വളരെ അപൂർവമാണ്. സിനിമാനടനെ സ്ഥാനാർഥിയാക്കാനാവും എല്ലാവരും ശ്രമിക്കുക.- ജോയ് മാത്യുവും അഭിമുഖത്തിൽ വ്യക്തമാക്കി.