കോട്ടയം: ഓൺലൈനിലെ സെക്കൻഹാൻഡ് വിപണിയായ ഒഎൽഎക്സിലും വ്യാജൻമാർ വിലസുന്നു. സൈനികരെന്ന വ്യാജേനെയാണ് തട്ടിപ്പ് നടത്തുന്നത്. വീട്ടുപകരണങ്ങൾ പകുതിവിലയ്ക്ക് നൽകാമെന്നാണ് വാഗ്ദാനം.
മിലിറ്ററി കാൻറീൻ വഴി വിലക്കുറവിൽ ലഭിച്ചതാണെന്നും ട്രാൻസ്ഫർ ആയതിനാൽ ഇവ കൂടെ കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് പകുതിവിലയ്ക്ക് നൽകുന്നതെന്നാണ് തട്ടിപ്പുകാർ വിശദീകരിക്കുക. ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും. തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ വില്പനയ്ക്കെന്ന പരസ്യത്തിൽ പ്രലോഭിതരാകുന്നവരാണ് തട്ടിപ്പുകാരുടെ ഇര.
പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുന്നതും കൊറിയർ ചാർജെന്ന പേരിലും അഡ്വാൻസ് തുകയായും പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പ് രീതി. ഫോണിലൂടെ ഇടപാട് ഉറപ്പിക്കുകയും പണം അയച്ചു കഴിഞ്ഞാൽ ആ ഫോൺ ഓഫ് ചയ്തു മുങ്ങുകയും ചെയ്യും. വിലക്കുറവെന്ന പ്രലോഭനത്തിൽ വീണ് തട്ടിപ്പിന് ഇരയാകാരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
അടുത്തകാലത്ത് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ മകളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായിരുന്നു. ഹർഷിത കേജരിവാളിന് രണ്ട് തവണയാണ് പണം നഷ്ടപ്പെട്ടത്. മൂന്നാം തവണ സംശയം തോന്നി ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.