തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് ആർക്കും മനസിലാകുമെന്ന് എൻഎസ്എസ്. 2018ലെ സംഭവങ്ങളിൽ വിഷമമുണ്ട് എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. 2018ലെ ശബരിമല പ്രശ്നം യഥാർത്ഥത്തിൽ കേരളത്തിനെ സംബന്ധിച്ച് ഒരു അടഞ്ഞ അധ്യായമാണ്.
ദേവസ്വം മന്ത്രി ഖേദം പ്രകടിപ്പിച്ചത് കൊണ്ട് ശബരിമല പ്രശ്നം തീരില്ല. ശബരിമലയിൽ സമീപനം ആത്മാർത്ഥത ഉള്ളതാണെങ്കിൽ യുവതി പ്രവേശനം പാടില്ലെന്ന സത്യവാങ്മൂലം നൽകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടകംപള്ളി നടത്തിയ മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരേയാണ് എൻഎസ്എസ് ആഞ്ഞടിച്ചത്. ശബരിമല സംഭവങ്ങളുടെ ഓരോ ഘട്ടത്തിലും കടകംപള്ളി അതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ പൊതുവികാരം ഭയന്നാണ് കടകംപള്ളി നിലപാട് മാറ്റിയതെന്ന് ആക്ഷേപമുണ്ട്.
‘അന്നത്തെ സംഭവം നമ്മളെ വേദനിപ്പിച്ച സംഭവമാണ്.ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സംഭവമാണ്. ഭാവിയെ സംബന്ധിച്ച് സർക്കാർ നിലപാട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും ഭക്തരുമായും രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിച്ച് മാത്രമേ സർക്കാർ തീരുമാനം എടുക്കുകയുള്ളൂ’- എന്ന പ്രസ്താവനയുമാണ് മന്ത്രി രംഗത്തെ തിയത്.