കളമശ്ശേരി സീറ്റിന്റെ കാര്യത്തിലടക്കം അനിശ്ചിതത്വം; മുസ്ലീം ലീഗ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളത്തേക്ക് മാറ്റി

മലപ്പുറം: കളമശ്ശേരി സീറ്റിന്റെ കാര്യത്തിലടക്കം അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളത്തേക്ക് മാറ്റി. ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റിയതെന്നാണ് വിശദീകരണം. നിയമസഭാ സ്ഥാനാർത്ഥികൾക്കൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെയും നാളെ പ്രഖ്യാപിക്കും.

സ്ഥാനാർത്ഥികകളെ തീരുമാനിക്കാനുള്ള മുസ്ലീം ലീഗ് പാർലമെൻ്ററി ബോർഡ് യോഗം രാവിലെ പാണക്കാട് നടന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരടക്കം ഏഴുപേരടങ്ങുന്ന പാർലമെൻ്ററി ബോർഡ് യോഗമാണ് രാവിലെ ചേർന്നത്.

പാലാരിവട്ടം അഴിമതിയിൽ അന്വേഷണം നേരിടുന്ന സിറ്റിംഗ് എംഎൽഎ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ ഇത്തവണ മത്സരിപ്പിക്കുന്നതിനോടും യുഡിഎഫ് മുന്നണിയിൽ വലിയ താൽപ്പര്യം ഇല്ല. ഇബ്രാഹിം കുഞ്ഞിനെ മാറ്റുകയാണെങ്കിൽ പകരം പരിഗണിക്കുന്നവിരിൽ പ്രധാനി കെ എം ഷാജിയാണ്.

കളമശ്ശേരിയിൽ ഇറങ്ങാൻ ഷാജിയും സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കളമശ്ശേരിയിൽ കെ എം ഷാജിയെ സ്ഥാനാർത്ഥിയാക്കിയാൽ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തിക്കഴിഞ്ഞു.

കുഞ്ഞാലിക്കുട്ടി രാജി വച്ച ഒഴിവിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ആർക്കായിരിക്കും ലീഗ് അവസരം നൽകുകയെന്നും നാളെ അറിയാം.