തിരുവനന്തപുരം : അമേരിക്കന്‍ കമ്പനി വഴിയുള്ള കൊറോണ വിവരശേഖരണം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍.
കൊറോണ രോഗികളുടെയും നിരീക്ഷണത്തിലുളളവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന്റെ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുന്നതാണ് നിര്‍ത്തിയത്. വിവരങ്ങൾ ഇനിമുതൽ സര്‍ക്കാര്‍ സൈറ്റില്‍ നല്കിയാല് മതിയെന്നാണ് പുതിയ നിര്‍ദേശം. കമ്പനി സൈറ്റില്‍ നിന്നും ഐ.ടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കിയിട്ടുണ്ട്.
ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി ശേഖരിക്കുന്നത് പ്രതിപക്ഷം വിവാദമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
എന്നാൽ സ്പ്രിംഗ്ലര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ചോരില്ലെന്നും സൗജന്യമായാണ് കമ്പനി സേവനം നല്കുന്നതെന്നമാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ സ്പ്രിംഗ്ലറുമായുള്ള കരാറില്‍ ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം നല്‍കുന്നതാണ് വിവര ശേഖരണം നിര്‍ത്തിയ സർക്കാരിന്റെ ഈ നടപടി.
രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിച്ച വാര്‍ഡു തല സമിതികള്‍ വഴിയാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുടെ സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ് വാര്‍ഡ് തല കമ്മറ്റികള്‍ ചെയ്തിരുന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത വന്നിരുന്നു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വളരെ ഗുരുതരമായ വിഷയമാണിതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.