നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ചർച്ചകൾ

തിരുവനന്തപുരം: കേരളത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആലോചന. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന് കേരളത്തിലെ മുതിർന്ന നേതാക്കളോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു കഴിഞ്ഞു.

വെല്ലുവിളി ഏറ്റെടുക്കാൻ ഉന്നത നേതാക്കളെ പരിഗണിച്ച ഘട്ടത്തിലാണ് കെ മുരളീധരൻ താൻ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി നേരത്തേ അറിയിച്ചിരുന്നു. മത്സരിക്കാൻ താൻ തയ്യാറാണെന്ന് പറഞ്ഞ കെ മുരളീധരൻ ഹൈക്കമാൻഡ് പ്രതിനിധികളെ കാണാൻ ഒരുങ്ങുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാൽ നേമത്ത് ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത്. എൽഡിഎഫിന് വേണ്ടി എംഎൽഎയായിരുന്ന വി ശിവൻകുട്ടിയും യുഡിഎഫിന് വേണ്ടി എൽജെഡിയിലെ സുരേന്ദ്രൻപിള്ളയുമാണ് മത്സര രംഗത്തിറങ്ങിയത്. 8671 വോട്ടുകൾക്കാണ് ഒ രാജഗോപാൽ ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. യുഡിഎഫിന് 13860 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ.

രാജഗോപാലിനെതിരെ വി ശിവൻകുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. രാജഗോപാലിനാവട്ടെ 67,813 വോട്ടും. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പിൽ ശിവൻകുട്ടി തന്നെയായിരുന്നു രാജഗോപാലിനെ പരാജയപ്പെടുത്തിയത്. 2006ൽ കോൺഗ്രസിന്റെ കൈകളിലായിരുന്ന നേമം സീറ്റായിരുന്നു 2011ൽ സിപിഎം പിടിച്ചെടുത്തത്. 2006 ൽ കോൺഗ്രസിന്റെ എൻ ശക്തനൊപ്പമായിരുന്നു മണ്ഡലം. അന്ന് മൂന്നാം സ്ഥാനത്ത് മാത്രമായിരുന്നു നേമത്ത് ബിജെപി. പിന്നീട് 2016ലാണ് രാജഗോപാൽ ഇവിടെ മേൽക്കൈ നേടിയത്.