രാമരാജ്യത്തെ അടിസ്ഥാനമാക്കിയ പത്ത് തത്ത്വങ്ങളിലാണ് തന്റെ സർക്കാർ ഭരിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: രാമരാജ്യത്തെ അടിസ്ഥാനമാക്കിയുള്ള പത്ത് തത്ത്വങ്ങൾ ഉൾക്കൊണ്ടൊണ് തന്റെ സർക്കാർ ഭരണം നടത്തുന്നതെന്ന് ഡെൽഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ. ജനങ്ങൾക്ക് ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ജലം, പാർപ്പിടം, സ്ത്രീ സുരക്ഷ, തൊഴിൽ, വൃദ്ധരെ ബഹുമാനിക്കുക തുടങ്ങിയവയിലൂന്നിയുള്ള ഭരണമാണ് തങ്ങൾ നടത്തുന്നതെന്നും കെജ്‌രിവാൽ പറഞ്ഞു. സംസ്ഥാനത്തെ ബജറ്റ് അവതരണത്തിന് ശേഷമുള്ള നന്ദി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം ഡെൽഹിയിലെ മുതിർന്ന പൗരന്മാരെ ദർശനത്തിനയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെൽഹിയിൽ ആർക്കും പട്ടിണി കിടക്കേണ്ടി വരരുത്. ചെറിയവനോ വലിയവനോ എന്ന വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും തുല്യ വിദ്യാഭ്യാസം ലഭിക്കണം. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും മികച്ച ചികിത്സ നൽകാൻ കഴിയണം. അതിനായി സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായി രണ്ടാം ഘട്ട വാക്‌സിനേഷൻ നടക്കുന്ന സാഹചര്യത്തിൽ എല്ലാവരും വാക്‌സിനെടുക്കാൻ തയ്യാറാകണമെന്നും കെജ്‌രിവാൾ പറഞ്ഞു. എല്ലാ എംഎൽഎമാരും ആശുപത്രികളിൽ പോയി വാക്‌സിൻ സ്വീകരിക്കണമെന്ന നിർദ്ദേശവും കെജരിവാൾ നൽകി.