ന്യൂഡെൽഹി: രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷൻ പുരോഗമിക്കവേ കുത്തിവയ്ക്കുന്ന വാക്സിന് പുറമെ മൂക്കിൽ സ്പ്രേ ചെയ്യുന്ന വാക്സിനുമായി ‘ഭാരത് ബയോട്ടെക്’. ഈ വാക്സിന്റെ ക്ലിനിക്കൽ ട്രയലിനായി ഡിജിസിഐ (ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)യോട് അനുമതി തേടിയിരിക്കുകയാണ് ‘ഭാരത് ബയോട്ടെക്’. ഒന്നാംഘട്ട ക്ലിനിക്കൽ ട്രയലിന് ഇവർക്ക് ഡിജിസിഐ അനുമതി നൽകിയതായും വാർത്തയുണ്ട്.
‘ആൾട്ടിമ്മ്യൂൺ’ എന്ന യുഎസ് കമ്പനി തയ്യാറാക്കിയ ‘നേസൽ വാക്സിൻ’ (മൂക്കിൽ സ്പ്രേ ചെയ്യുന്ന വാക്സിൻ) കൊറോണ പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോർട്ടുകളും വന്നിരുന്നു. പ്രത്യേകിച്ച് കുട്ടികൾക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയുമെല്ലാമാണ് വൈറസ് ശരീരത്തിലെത്തുന്നത്. ഏറിയ പങ്കും മൂക്കിലൂടെയാണ് വൈറസ് പ്രവേശിക്കുന്നത്. അതിനാൽ മൂക്കിലടിക്കുന്ന സ്പ്രേ വൈറസ് പെരുകുന്നത് തടയുമെന്നും അതുവഴി ഫലപ്രദമായി കോറോണയെ പ്രതിരോധിക്കുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്.