അംബാനിയുടെ വീടിനടുത്ത്​ സ്​ഫോടക വസ്​തുക്കൾ ; സ്​കോർപിയോ ഉടമയെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് ഭീകര വിരുദ്ധസേന

മുംബൈ: മുകേഷ്​ അംബാനിയുടെ വീടിനടുത്ത്​ സ്​ഫോടക വസ്​തുക്കളുമായി നിർത്തിയിട്ട സ്​കോർപിയോയുടെ ഉടമ മൻസുഖ്​ ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന്​ മഹാരാഷ്​ട്ര ഭീകര വിരുദ്ധസേന (എടിഎസ്​)യുടെ നിഗമനം. ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ കൊറോണ പ്രതിരോധ മാസ്​കിട്ട നിലയിലാണ്​ താണെയിലെ രേതി ബന്ദർ കടലിടുക്കിൽ നിന്ന്​ മൃതദേഹം കണ്ടെത്തിയത്​.

കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ്​ താമസംവിനാ മൃതദേഹം കാണപ്പെട്ടതെന്നാണ്​ എടിഎസിന്‍റെ നിഗമനം. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാൽ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോകുകയൊ ചെയ്​തില്ല. വെള്ളം കയറി മൃതദേഹം പെട്ടെന്ന്​ ചീർക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ്​ വായിൽ ടവ്വലുകൾ തിരുകിയതെന്നും കരുതുന്നു.

ഹിരേന്‍റെ മൃതദേഹം ദൂരെ നിന്ന്​ ഒലിച്ചെത്തിയതല്ലെന്ന്​ വ്യക്​തമായിട്ടുണ്ട്​. ഹിരേനെ കാണാതായ വ്യാഴാഴ്​ച രാത്രി 10ന്​ അദ്ദേഹത്തിന്‍റെ ഒരു മൊബൈൽ 40 കിലോമീറ്റർ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തിൽവെച്ചും മറ്റൊരു മൊബൈൽ ഈ പ്രദേശത്ത്​ നിന്ന്​ 10 കിലോമീറ്റർ കൂടി അകലെയുള്ള തുംഗരേശ്വറിൽ വെച്ചുമാണ്​ പ്രവർത്തനം നിലച്ചത്​. ഇത്​ ഹിരേൻ അതുവഴി പോയെന്ന്​ തെറ്റിദ്ധരിപ്പിക്കാൻ കൊലയാളികൾ ബോധപൂർവ്വം ചെയ്​തതാണെന്നും എ.ടി.എസ്​ സംശയിക്കുന്നു. മൊബൈലുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.