ന്യൂഡെൽഹി: കൊറോണ വ്യാപനം അന്ത്യത്തോടടുക്കുകയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഡെൽഹി ആരോഗ്യമന്ത്രിയുടെയും പ്രസ്താവനകൾക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ജനങ്ങൾക്ക് തെറ്റായ സന്ദേശം പ്രചരിപ്പിക്കരുതെന്ന് ഡോക്ടർമർ മുന്നറിയിപ്പു നൽകി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ തുടങ്ങിയവരാണ് രാജ്യം കൊറോണ ഭീഷണിയിൽ നിന്ന് കരകയറുകയാണെന്നും യുഗം അവസാനിക്കുകയാണെന്നുമുളള പ്രസ്താവനയുമായി രംഗത്തുവന്നത്.
രാഷ്ട്രീയ ഇടനാഴികയിൽ രോഗത്തെയും മഹാമാരിയെയും കുറിച്ച് സംസാരിക്കുകയെന്നത് വേദനാജനകമാണ്. എങ്കിലും അത് പ്രധാനമാണ് എല്ലാ അവകാശവാദങ്ങൾക്കും ഐസിഎംആറിന്റെയോ ലോകാരോഗ്യസംഘടനയുടെയോ ശസ്ത്രീയ അംഗീകാരം വേണം-ഡോക്ടർമാരുടെ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മുൻനിര പ്രവർത്തകരായ 740 പേർ കൊറോണ രോഗത്തിന് ഇരയായ സാഹചര്യത്തിൽ എല്ലാ പൗരന്മാരും മാസ്‌കുകൾ കൃത്യമായി ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും ഐഎംഎ മുന്നറിയിപ്പുനൽകി.
കഴിഞ്ഞ ആഴ്ചയിൽ 35-40ശതമാനത്തിന്റെ വർധനയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. ഡെൽഹിയിൽ പോലും വർധനയുണ്ടായി നൂറ് രോഗികൾ എന്നത് 140 രോഗികളെന്നായി-ഐഎംഎ പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 18,599 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതിൽ 11,141 പേർ മഹാരാഷ്ട്രയിൽ നിന്നാണ്. കേരളത്തിൽ 2,100 പേർക്കും പഞ്ചാബിൽ 1,043 പേർക്കും പുതുതായി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്തെ കൊറോണ സജീവകേസുകളുടെ എണ്ണം 1,88,747 ആണ്. ആകെ പോസിറ്റീവ് കേസുകളുടെ 1.68 ശതമാനമാണ് ഇത്.