കൊച്ചി: സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡോളര്‍ കടത്തുകേസില്‍ ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റും. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി നേരത്തെ പ്രത്യേകം കേസെടുത്തിരുന്നു. പ്രതികളുടെ രഹസ്യമൊഴികളുടെ പകര്‍പ്പ് ലഭിച്ച ശേഷം നേതാക്കളെ ചോദ്യം ചെയ്യും.
ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1 കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. കോൺസുൽ ജനറൽ വഴിയാണ് ഡോളർ കടത്തിയത്. ഈ പണം ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നാണ് സ്വപ്നയുടെ മൊഴി.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്പീക്കറുടെ സുഹൃത്ത് നാസറിന്‍റെ പേരിലുള്ള സിം ഉപയോഗിച്ചാണ് സ്പീക്കർ പ്രതികളെ ബന്ധപ്പെട്ടിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.