ബിജെപിയെ തോൽപ്പിക്കണമെന്ന ആവശ്യവുമായി കർഷക സമരക്കാർ ബംഗാളിലേക്ക്

ന്യൂഡെൽഹി: പശ്ചിമബംഗാൾ ഭരണംപിടിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പ്രചാരണത്തിനിറങ്ങിയതോടെ, ബിജെപിയെ തോൽപ്പിക്കണമെന്ന ആവശ്യവുമായി കർഷകസമരക്കാർ രംഗത്തിറങ്ങുന്നു. കേന്ദ്രസർക്കാർ മുഴുവൻ കൊൽക്കത്തയിലായതിനാൽ കർഷകരും അവിടേക്കുപോവുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. മാർച്ച് 13-ന് കൊൽക്കത്തയിലെത്തി കർഷകരുമായി സംസാരിക്കും.

നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഉടൻ പുറപ്പെടുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കളും വ്യക്തമാക്കി. ബംഗാളിൽ മാർച്ച് 12, 13, 14 തീയതികളിൽ മഹാപഞ്ചായത്തുകൾ ചേരും.

കൊൽക്കത്തിലാണ് ആദ്യയോഗം. മധ്യപ്രദേശിൽ മാർച്ച് 14-നും 15-നും ഒഡിഷയിൽ 19-നും കർണാടകയിൽ 20, 21, 22 തീയതികളിലും മഹാപഞ്ചായത്തുകൾ നടക്കും. ഭഗത്സിങ്ങിന്റെ ജന്മവാർഷികദിനത്തിൽ ജയ്പുരിൽ കിസാൻ മഹാപഞ്ചായത്ത് ചേരും.