സ്വര്‍ണക്കടത്ത് കേസ്; കോടിയേരിയുടെ ഭാര്യ വിനോദിനിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ്മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഐഫോണുകളില്‍ ഒന്നു വിനോദിനിയ്ക്കു കിട്ടിയെന്ന ആരോപണമാണു ഇഡി പരിശോധിക്കുന്നത്.

ലൈഫ്മിഷന്‍, ഡോളര്‍ കടത്തു വിവാദവുമായി ബന്ധപ്പെട്ടു യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞ ദിവസം ഇഡി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണു വിനോദിനിയെ വിളിപ്പിക്കുന്നത്. ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേയ്ക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും കള്ളപ്പണം വെളുപ്പിക്കലിലും കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ഇഡി സംശയിക്കുന്നത്.

ലൈഫ്മിഷന്‍ ഇടപാടില്‍ കരാര്‍ ലഭിച്ചതിലെ പ്രതിഫലമായി ആറുകോടി രൂപ സ്വര്‍ണ്ണക്കടത്തു പ്രതി സ്വപ്ന സുരേഷിനു നല്‍കിയെന്നാണു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയത്. പിന്നീടു ആറുമൊബൈല്‍ ഫോണുകള്‍ കൂടി സ്വപ്ന ആവശ്യപ്പെട്ടതായും താന്‍ വാങ്ങിനല്‍കിയതായും സന്തോഷ് സമ്മതിച്ചിട്ടുണ്ട്.

വിനോദിനിയ്ക്കു താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പനും തനിക്കു സന്തോഷ് ഈപ്പനെ അറിയില്ലെന്നു വിനോദിനിയും പ്രതികരിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ ഫോണ്‍ തന്റെ പക്കലെത്തിയെന്നു വിനോദിനി വ്യക്തമാക്കേണ്ടി വരും.
സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് ഐഫോണുകള്‍ വാങ്ങി നല്‍കിയതെന്ന് നേരത്തെ സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ എങ്ങനെ വിനോദിനിക്കു കിട്ടി എന്നതിലാണു കസ്റ്റംസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

വിനോദിനിയുടെ പേരിലുള്ള സിമ്മാണു ഫോണില്‍ ഉപയോഗിച്ചതെന്നു കസ്റ്റംസിനു വ്യക്തമായിട്ടുണ്ട്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍.

1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണു വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്. ബുധനാഴ്ചയെത്തി വിശദീകരണം നല്‍കാന്‍ കസ്റ്റംസ് വിനോദിനിയ്ക്കു കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായശേഷം വിനോദിനിയെ വിളിപ്പിക്കും. അതിനുമുമ്പായി സ്വപ്നയെ ജയിലിലെത്തി വീണ്ടും ചോദ്യംചെയ്യും. വൈകാതെ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തും.
ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിനു സ്വപ്നയ്ക്കു കൈക്കൂലി എന്ന നിലയിലാണു സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണു കേന്ദ്ര ഏജന്‍സികളുടെ നിഗമനം.

സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിനു പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ. നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണു സൂചന. നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു.