കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. ഞായറാഴ്ച രാവിലെ ഏഴരയോടെ ഫോര്‍ട്ട്‌കൊച്ചി സൗത്ത് കടപ്പുറത്താണ് സംഭവം. മട്ടാഞ്ചേരി സീലാട്ട് ലെയിനില്‍ റിയാസ് നിജഹാന്‍ ദമ്പതികളുടെ മകനായ അല്‍ അമാന്‍(12)നെയാണ് കാണാതായത്.

ബന്ധുക്കളോടൊപ്പം കടപ്പുറത്ത് കളിക്കാനെത്തിയ അമാനും സുഹൃത്തുക്കളായ മൂന്ന് പേരും കൂടി കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ശക്തമായ തിരയില്‍ നാല് പേരും അകപ്പെട്ടെങ്കിലും ഇതില്‍ മൂന്ന് പേരെ രഞ്ജിത്ത് എന്ന യുവാവ് രക്ഷപെടുത്തി കരയിലെത്തിക്കുകയായിരുന്നു. അമാനെ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല.

ശക്തമായ അടിയൊഴുക്കും ചുഴിയുമുള്ള ഭാഗമാണിത്.നിരവധി അപകട മരണങ്ങള്‍ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. പലപ്പോഴും തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. വിദ്യാര്‍ഥിയെ കാണാതായ ഉടന്‍ നാട്ടുകാരായ മുങ്ങല്‍ വിദഗ്ദരും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്ന് തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിയാണ് കോസ്റ്റല്‍ പോലിസ് തിരിച്ചിലിനായി എത്തിയതെന്ന് ആക്ഷേപമുണ്ട്.

വൈകിട്ടോടെ നേവിയും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് ആറ് മണിയോടെ നാവിക
സേന തിരച്ചില്‍ നിര്‍ത്തി. ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പലരും കാര്യമാക്കാറില്ല. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശങ്ങളും പലപ്പോഴും ചെവി കൊള്ളാറില്ല.കാണാതായ അമാന്‍ മട്ടാഞ്ചേരി ശ്രീ കൊച്ചിന്‍ ഗുജറാത്തി വിദ്യാലയയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. അല്‍ അമ്രാന്‍, ഐശ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.