വിഴിഞ്ഞത്ത് അതിര്‍ത്തി ലംഘിച്ചെത്തിയ ശ്രീലങ്കന്‍ ബോട്ടുകളില്‍ നിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും പിടിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിര്‍ത്തി ലംഘിച്ചെത്തിയതിന് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത ശ്രീലങ്കന്‍ ബോട്ടുകളില്‍ നിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെത്തിയതായി കോസ്റ്റ് ഗാര്‍ഡ്. അക്ഷര ദുവാ, ചാതുറാണി 03, ചാതുറാണി 08 എന്നീ ബോട്ടുകളായിരുന്നു രാവിലെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തത്.

ഇതില്‍ അക്ഷര ദുവാ ബോട്ടില്‍ നിന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും ഉണ്ടായിരുന്നതായിരുന്നു വിവരം. ഇതടങ്ങിയ പാക്കറ്റുകള്‍ കോസ്റ്റ് ഗാര്‍ഡിനെ കണ്ടതിനെ തുടര്‍ന്ന് കടലില്‍ എറിഞ്ഞു കളഞ്ഞതയാണ് ബോട്ടിലെ ക്യാപ്റ്റന്‍ പറയുന്നുതെന്നും രക്ഷപ്പെടനായിരുന്നു ഇവരുടെ ശ്രമമെന്നും കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

ബോട്ടുകള്‍ വിഴിഞ്ഞത്ത് എത്തിച്ച്‌ വിശദമായ അന്വേഷണം നടത്തും.മൂന്നു ബോട്ടുകളിലായി ആകെ 19 പേരുണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ വിഴിഞ്ഞം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ശ്രീലങ്കന്‍ ബോട്ട് പിടികൂടിയത്.