അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കേരളത്തിൽ നിന്നും ലഭിച്ച സംഭാവന പതിമൂന്ന് കോടി

ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കേരളത്തിൽ നിന്നും ലഭിച്ച സംഭാവന പതിമൂന്ന് കോടി രൂപ. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിന്നും ക്ഷേത്ര നിർമ്മാണത്തിന് ലഭിച്ച ആകെ തുക 2500 കോടി രൂപയാണെന്നും ട്രസ്റ്റ് വെളിപ്പെടുത്തി.

തമിഴ്‌നാട്ടില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. മാര്‍ച്ച്‌ നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് വീടുകള്‍ കയറിയും സ്ഥാപനങ്ങള്‍ കയറിയുമുള്ള സംഭാവന സ്വീകരിക്കല്‍.

പ്രധാന ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. ക്ഷേത്രത്തിന് പുറമെ 67 ഏക്കര്‍ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്ര നിർമ്മാണം മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.