തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ബി ജെ പിസ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപം നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തോടെ പട്ടികയ്ക്ക് അന്തിമരൂപം നൽകും. തുടർന്ന് സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിൻ്റെ പരിഗണനയ്ക്ക് വിടും.
വി മുരളീധരൻ, കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ഇ.ശ്രീധരൻ ഉൾപ്പെടെയുള്ള പ്രമുഖരെ ഉൾപ്പെടുത്തിയതാണ് ബിജെപി സംസ്ഥാന സമിതി തയ്യാറാക്കിയ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക. പാർട്ടി പാർലമെൻ്ററി ബോർഡ് യോഗത്തിന് ശേഷമാകും ദേശീയ നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
അതേസമയം ഇന്നലെ രാത്രി തലസ്ഥാനത്തെത്തിയ അമിത് ഷാ രാവിലെ റോഡ് മാർഗം കന്യാകുമാരിയിലേക്ക് പോയി. കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും, തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികളിലും അമിത് ഷാ പങ്കെടുക്കും.
ഇന്ന് ഉച്ച തിരിഞ്ഞ് തലസ്ഥാനത്ത് മടങ്ങിയെത്തി നാലു മണിയോടെ ശ്രീരാമകൃഷ്ണമഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം, ശംഖുമുഖം കടപ്പുറത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും. കർശനമായ സുരക്ഷയിലാണ് തലസ്ഥാന നഗരം.