തൃശൂർ: ഓൺലൈൻ സൈറ്റ് വഴി റൈറ്റിങ് പാഡ് ഓർഡർ ചെയ്ത വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ടു. 3859 രൂപയുടെ റൈറ്റിങ് പാഡ് ഓൺലൈൻ സൈറ്റിൽ ഓർഡർ ചെയ്തു. കാത്തിരുന്ന വിദ്യാർത്ഥികൾക്കു കിട്ടിയത് ആറ് രൂപ മാത്രം വിലയുള്ള കുപ്പി വെള്ളം.
തൃശൂർ കാട്ടകാമ്പാൽ കാഞ്ഞിരത്തിങ്കൽ സ്വദേശി കൊള്ളന്നൂർ ജോൺസന്റെ മകൻ ജോജനും തൊടുപുഴ തെക്കുംഭാഗം കിഴക്കാലയിൽ ലിൻസന്റെ മകൻ റിച്ചുവും ആണ് തട്ടിപ്പിന് ഇരയായത്. 7,000 രൂപയോളം വിലയുള്ള റൈറ്റിങ് പാഡ് അയ്യായിരത്തിനും ഒരു ദിവസം കൂടി പിന്നിട്ടപ്പോൾ 3,859 രൂപയ്ക്കും കണ്ടതോടെ ഓർഡർ നൽകി.
തിങ്കളാഴ്ച ഓർഡർ കൈപ്പറ്റിയ ശേഷമാണ് ബോക്സിൽ കുപ്പിവെള്ളമാണെന്ന് ജോജൻ അറിഞ്ഞത്. ഉടൻ റിച്ചുവിനെ വിളിച്ച് കാര്യമറിയിച്ചു. ചങ്ങനാശേരി സെന്റ് ജോസഫ്സ് കമ്യൂണിക്കേഷൻ കോളജിൽ അനിമേഷൻ വിദ്യാർഥികളാണ് ഇരുവരും.വിതരണക്കാരന്റെ സാന്നിധ്യത്തിൽ പൊട്ടിച്ച ബോക്സ് അപ്പോൾ തന്നെ തിരിച്ചയച്ചു.
ബോക്സ് തിരികെ എടുക്കാൻ സന്ദേശമയച്ചിട്ടും ഇതുവരെ ആളെത്തിയിട്ടില്ലെന്ന് ജോൺസൺ പറഞ്ഞു. 11ന് അകം ഓർഡർ ചെയ്ത റൈറ്റിങ് പാഡ് എത്തിച്ചു നൽകാമെന്നാണ് ഷോപ്പിങ് സൈറ്റുകാർ അറിയിച്ചിരിക്കുന്നത്.