എസ് ശ്രീകണ്ഠൻ
ന്യൂഡെൽഹി: നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലകളും ലോക റാങ്കിങ്ങിൽ എവിടെ നിൽക്കുന്നു ?. 2021ലെ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പുറത്തു വന്നു. ആദ്യ 100 ൽ ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചത് 12 സ്ഥാപനങ്ങൾ . ഐഐടി ബോംബെ , ഐഐടി ഡൽഹി, ഐഐടി മദ്രാസ് , ഐഐടി ഗുവാഹത്തി , ഐഐടി. ഖരഗ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ, അണ്ണാ സർവ്വകലാശാല, ജവഹർലാൽ നെഹ്റു സർവ്വകലാശാല, ഡൽഹി സർവ്വകലാശാല, ഒ പി ജിൻഡാൽ ഗ്ളോബൽ യൂണിവേഴ്സിറ്റി, ഐഐഎം ബാംഗ്ളൂർ, ഐഐഎം അഹമ്മദാബാദ് എന്നിവയാണ് ആ സ്ഥാപനങ്ങൾ .
റാങ്കിങ് പ്രകാരം നിയമം പഠിക്കാൻ ഇന്ത്യയിൽ ഏറ്റവും നല്ല സ്ഥാപനം ജിൻഡാൽ ഗ്ളോബൽ ലോ സ്ക്കൂളാണ്. ജിൻഡാൽ ഗ്ളോബൽ ലോ സ്ക്കൂളിൻ്റെ ലോക റാങ്കിങ് 76. ഇന്ത്യയിൽ നിന്ന് ഇടം നേടിയ ഏക ലോ സ്ക്കൂൾ . ഹാർവാഡ് ലോ സ്ക്കൂളാണ് ലോകത്തിലെ ഒന്നാമത്തെ നിയമ പoന കേന്ദ്രം. ബിസിനസ് മാനേജ്മെൻറിൽ ഐ ഐഎം ബാംഗ്ളൂരിന് റാങ്ക് 76. ഐഐഎം അഹമ്മദാബാദിന് റാങ്ക് 80. ഹാർവാഡ് ബിസിനസ് സ്ക്കൂളാണ് ലോകത്തിലെ ഒന്നാം റാങ്കുകാരൻ.
ഡവലപ്പ്മെൻറ് എക്കണോമിക്സിൽ ഡെൽഹി യൂണിവേഴ്സിറ്റിക്ക് റാങ്ക് 50 . ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് സസക്സാണ് ഈ രംഗത്തെ ഒന്നാമൻ. നരവംശശാസ്ത്ര പoനത്തിൽ 51 മുതൽ 100 വരെയുള്ള റാങ്കിങ്ങിൽ ജെഎൻയു ഇടം നേടി. കൃത്യം റാങ്ക് പറഞ്ഞിട്ടില്ല. കേംബ്രിഡ്ജാണ് ഈ രംഗത്തെ ഒന്നാമൻ.
രസതന്ത്ര പoനത്തിൽ ബാംഗ്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് റാങ്ക് 93 നേടി. ഈ രംഗത്തെ ലോകത്തിലെ ഏറ്റവും നല്ല സ്ഥാപനം മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്. പെട്രോളിയം എഞ്ചിനീയറിങ്ങിൽ ഐഐടി മദ്രാസ് മുപ്പതാം റാങ്ക് നേടി. അണ്ണാ സർവ്വകലാശാലയും ഐഐടി ഗുവാഹത്തിയും ഈ രംഗത്ത് ആദ്യ 100 ൽ ഇടം പിടിച്ചു.
രസതന്ത്രം പഠിക്കാൻ ലോകത്ത് ഏറ്റവും നല്ല സ്ഥാപനം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂരാണ്. കെമിക്കൽ എഞ്ചിനീയറിങ്ങിൽ ഐഐടി ബോംബെയുടെ റാങ്ക് 70. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഈ രംഗത്തെ ഏറ്റവും മുന്തിയ സ്ഥാപനം. കമ്പ്യൂട്ടർ സയൻസ് പഠനത്തിൽ ഐഐടി ബോംബെയുടെ റാങ്ക് 67. ഐഐടി ഡൽഹിയുടെ റാങ്ക് 70. എംഐടി തന്നെ ടോപ്പർ.
മിനറൽസ് & മൈനിങ്ങിൽ ഐഐ ടി ബോംബെ നേടിയ റാങ്ക് 41. ഐഐടി ഖരഗ്പൂറിൻ്റെ സ്ഥാനം 44. കൊളറാഡോ സ്കൂൾ ഓഫ് മൈനിങ്ങാണ് ടോപ്പർ. ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡൽഹി, ബോംബെ, മദ്രാസ് ഐഐടികൾ ഇടം നേടി. മെറ്റീറിയൽ സയൻസിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ബാംഗ്ലൂർ നേടിയ റാങ്ക് 78.
സൈക്കോളജി, ആർക്കിയോളജി, നഴ്സിങ്ങ് , ദന്തൽ, ഹോസ്പിറ്റാലിറ്റി & ലീഷർ മാനേജ്മെൻറ് തുടങ്ങിയ മേഖലകളിൽ ആദ്യ 100 ൽ ഒരു ഇന്ത്യൻ സ്ഥാപനവുമില്ല.