തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം. ഒടുവിൽ സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വിമുരളീധരൻ രംഗത്തെത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇ. ശ്രീധരനെ പ്രഖ്യാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കെ. സുരേന്ദ്രന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വി മുരളീധരന്റെയും സ്ഥിരീകരണം.
എന്നാൽ കെ സുരേന്ദ്രൻ അത്തരത്തിൽ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് അദേഹം പറഞ്ഞതായി മുരളീധരൻ പിന്നീട് പ്രതികരിച്ചു. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചതായി മാധ്യമ റിപ്പോർട്ടുകൾ കണ്ടു. പാർട്ടി അധ്യക്ഷനുമായി താൻ സംസാരിച്ചിരുന്നു. അദ്ദേഹം അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പറഞ്ഞു.
കേരളത്തിലെ ചില പ്രശ്നങ്ങൾ താൻ ചൂണ്ടിക്കാട്ടുകയാണ് ഉണ്ടായത്. ഇതിനെ ഒരു പ്രഖ്യാപനമായി കണക്കാക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞതായി മുരളീധരൻ അറിയിച്ചു. ‘കേരളത്തിലെ ബിജെപി ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിൽ പോരാടും.
സിപിഎമ്മിനേയും കോൺഗ്രസിനേയും ഒരു പോലെ തോൽപ്പിക്കും കേരള ജനതയ്ക്കായി അഴിമതി രഹിതവും വികസനോത്മുഖവുമായ ഭരണം കാഴ്ചവെയ്ക്കും. ശ്രീധരന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമമവും ഫലപ്രദവുമായ സർക്കാർ പുതിയ കേരളത്തിന് വഴിയൊരുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.