തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കെഎസ് ഇബിയില്‍ 85 അസിസ്റ്റൻറ് എൻജിനീയര്‍മാര്‍ക്ക് നിയമനം നല്‍കുന്നതായി ആക്ഷേപം.
ഇലക്ട്രിക്കല്‍ വിങ്ങിലാണ് വരുംകാല ഒഴിവിലേക്ക് നിയമനം നടത്തുന്നത്. കെഎസ് ഇബിയില്‍ നിലവില്‍ ഒരു തസ്തികപോലും ഒഴിവില്ലെന്നിരിക്കെയാണ് 2021 ജൂണില്‍ ഒഴിവുവരുമെന്ന പേരില്‍ ഇത്രയധികം പേര്‍ക്ക് നിയമനം നല്കാന് തുനിയുന്നത്.
പെരുമാറ്റച്ചട്ടം നിലവില്‍വന്ന ദിവസം ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിലാണ് ദ്രുതഗതിയില്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ (ഐഎന്‍ടിയുസി) ചീഫ് കോഓഡിനേറ്റര്‍ സിബിക്കുട്ടി ഫ്രാന്‍സിസ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
നിലവില്‍ വര്‍ക്ക്മെന്‍ കാറ്റഗറിയില്‍പെട്ട ഇലക്ട്രിസിറ്റി വര്‍ക്കര്‍, കാഷ്യര്‍ തസ്തികകളില്‍ നിയമനം നടത്താനിരിക്കുന്നതിനിടെയാണ് കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയില്‍നിന്ന് അസിസ്റ്റൻറ് എൻജിനീയര്‍മാര്‍ക്ക് നിയമനം നടത്താന്‍ പോകുന്നത്.
ഉത്തരവ് പ്രകാരം ജൂണ്‍ മാസം രണ്ടിനാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാകുന്നത്. തെരഞ്ഞെടുപ്പിനുശേഷം എടുക്കേണ്ട തീരുമാനത്തില്‍ ദ്രുതഗതിയില്‍ ഉത്തരവിറക്കിയത് ചിലരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാനാണ്.
കെഎസ് ഇബിയുടെ ഡല്‍ഹി ലെയ്സണ്‍ ഓഫിസിലേക്ക് നിയമ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി നിയമിച്ച ഉദ്യോഗസ്ഥന് നിയമബിരുദമില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സിബിക്കുട്ടി ഫ്രാന്‍സിസ് ആരോപിച്ചു.