കൊച്ചി: പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും നൽകാൻ സംവിധാനമൊരുക്കിയ പൊലീസുകാരന് സസ്പെൻഷൻ. കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഉൾപ്പടെ സ്ഥാപിച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സിവിൽ പൊലീസ് ഓഫീസർ പിഎസ് രഘുവിനെതിരെയാണ് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ വിവാദ നടപടി.
പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തെന്ന പേരിലാണ് നടപടി. എന്നാൽ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു തന്നെയാണ് പദ്ധതി ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. കൊറോണ കാലത്ത് നെടുമ്പാശേരി വിമാനത്താവള പരിസരത്തു വച്ച് പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ സഹായിച്ച സംഭവത്തിൽ കൊച്ചി ഐജിയായിരുന്ന വിജയ് സാഖറെയുടെ പക്കൽ നിന്നും കാഷ് അവാർഡും പ്രശസ്തി പത്രവും നേടിയ പൊലീസുകാരനാണ് രഘു.
കൊറോണ ഭീതി രൂക്ഷമായിരിക്കെ തെരുവിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്കും തെരുവു നായകൾക്കും ഭക്ഷണം നൽകിയ പദ്ധതിയിലും ഇദ്ദേഹം അംഗമായിരുന്നു.
നേരത്തെ എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ എത്തിയപ്പോൾ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിശദീകരണം ചോദിച്ച ഐശ്വര്യയുടെ നടപടിയും വിവാദമായിരുന്നു. തുടർന്ന് കമ്മീഷണർ ഇവരെ താക്കീത് ചെയ്തിരുന്നു.