ന്യൂഡെൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയാകാൻ സാധ്യതയുള്ള കേരള സർക്കാരിന്റെ ഡെൽഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് രാജിവച്ചു. രാജിക്കത്ത് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കൈമാറി. തിരുവനന്തപുരത്ത് എകെജി സെൻററിലെത്തി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമായിരുന്നു രാജി നൽകിയത്. ഔദ്യോഗികമായി ചൊവ്വാഴ്ച രാജി സ്വീകരിച്ചേക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു വേണ്ടി പ്രവർത്തനങ്ങളിൽ സജീവമാകാനാണു പദവി ഒഴിഞ്ഞതെന്നു സമ്പത്ത് അറിയിച്ചു. 2019 ഓഗസ്റ്റു മുതലാണ് കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരള ഹൗസിൽ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങൽ മുൻ എംപി കൂടിയായ സമ്പത്ത് പ്രവർത്തനം തുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിലേക്കു കടക്കുന്നതിനു തൊട്ടുമുൻപാണു രാജി.