മുംബൈ: വിവിധ സംസ്ഥാനങ്ങളിലെ ആനകടത്ത് മാഫിയയിലെ മുഖ്യകണ്ണിയായ മലയാളി അറസ്റ്റിൽ. കൊല്ലം പരവൂർ സ്വദേശി ഷാജിയാണ് പിടിയിലായത്. മുംബൈയിലെ താനെയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചെരിയുന്ന നാട്ടാനകളുടെ ചിപ്പിൽ തിരിമറി നടത്തിയാണ് ഇയാൾ ആനകളെ വിൽക്കുന്നത്.
ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരികയും, കേരളത്തിൽ ചെരിയുന്ന ആനകളുടെ മൈക്രൊ ചിപ്പിൽ തിരിമറി നടത്തി ആനകളെ വിൽക്കുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി. അനധികൃതമായി ആനക്കൊമ്പ് വിൽക്കുന്ന മാഫിയയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇയാൾക്കെതിരെ അന്വേഷണം നടക്കുകയായിരുന്നു.
ആനക്കടത്ത് മാഫിയയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമായതോടെയാണ് ഷാജിയും സംഘവും കേരളം വിട്ടത്. നിലവിൽ ഷാജി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. വനംവകുപ്പ് ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ഒരു സ്വകാര്യ ആന പാർക്കിന്റെ ഉടമയാണ് ഷാജി. അസം, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഷാജി ആനകളെ നാട്ടിലേയ്ക്ക് കൊണ്ടുവന്നിരുന്നത്. നാട്ടാന പരിപാലന നിയമവും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടും ലംഘിച്ചാണ് ഇയാൾ ആനകളെ കടത്തിയത്.
അടുത്തിടെ ഇയാൾ ചെയ്ത യൂട്യൂബ് വീഡിയോയിൽ ആനകളെ കടത്തിക്കൊണ്ടുവരുന്നത് സംബന്ധിച്ച് വിവരങ്ങളും പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ സഹായത്തോടെ വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇതെ തുടർന്നാണ് അന്വേഷണം തുടങ്ങിയതും ഇയാൾ പിടിയിലായതും.