പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്സിൻ സ്വീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ രണ്ടാംഘട്ട കൊറോണ വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചു. ഇന്ന് രാവിലെ ഡെൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.

രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്നുമുതൽ വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ പൂർത്തിയാകാത്തതിനാൽ വാക്സിനേഷൻ വൈകും.

‘എയിംസിൽ നിന്ന് കൊറോണ വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കൊറോണക്കെതിരെയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും അതിവേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കൊറോണ മുക്തമാക്കാം എന്ന് മോദി ട്വീറ്റ് ചെയ്തു.