സംസ്ഥാനത്ത് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കാണെന്ന് കെ സുരേന്ദ്രൻ

തൃശൂർ: സംസ്ഥാനത്ത് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കാണെന്ന് ബിജെപി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. ബിജെപിയിലേക്ക് കടന്നുവരുന്നവരിൽ വലിയൊരു വിഭാഗം സിപിഎമ്മിൽ നിന്നാണ്. സിപിഎമ്മിലെ നിരവധി എംഎൽഎമാർ ബംഗാളിൽ ബിജെപിയിൽ ചേർന്നിട്ടുണ്ട്​. നാല്​ ലോക്​സഭ എംപിമാരാണ്​ സിപിഎം വിട്ട്​ ബിജെപിയിൽ ചേർന്നത്​. എല്ലാ ദിവസവും പ്രമുഖർ ബിജെപിയിൽ ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വിടും. അതിൽ ഒരു കഥയ്​ക്കും ഉള്ള സ്​കോപ്പില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്.

ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട്​ രാജ്യത്തിനകത്തും പുറത്തും നിരവധി കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്​. എല്ലാ അഴിമതി കേസുകളിലുമെന്നത്​ പോലെ ഇതിലും ആദ്യം നിഷേധിക്കുകയും പിന്നീട്​ മുടന്തൻ ന്യായം പറയുകയുമാണ്​ പിണറായി സർക്കാർ ചെയ്യുന്നത്​. അഴിമതിക്കെതിരെ ശക്​തമായ നിലപാട്​ സ്വീകരിച്ച ജേക്കബ്​ തോമസും ഇ ശ്രീധരനും എൻഡിഎയോടൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു.