പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല; ഡിജിറ്റല്‍ മാധ്യമനിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ മാധ്യമനിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അടിയന്തര ഇടപെടല്‍ നിലവിലെ ഐടി നിയമമനുസരിച്ച് മാത്രമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. സമൂഹമാധ്യമങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം വര്‍ധിപ്പിച്ച് പുതിയ ഐടി ചട്ടം നിലവിൽ വന്നിരുന്നു.

സ്ത്രീകള്‍ക്കെതിരായ അശ്ലീലസന്ദേശങ്ങള്‍, പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. കോടതിയോ, സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ പോസ്റ്റുകളും സന്ദേശങ്ങളും അയച്ചത് ആരാണെന്നും വെളിപ്പെടുത്തേണ്ടിവരും.

ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നിയന്ത്രണങ്ങൾ. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് ഈ നിയമങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്ന എന്തും സമൂഹമാധ്യമത്തിൽ കുറിക്കുന്നത് വിലക്കുന്ന തരത്തിൽ കോ‍ഡ് ഓഫ് എത്തിക്സ് നിലവിൽ വരുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്.