മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ചൈനീസ് വ്യവസായിയായ ഴോംഗ് ഷാൻഷനിനെയാണ് അംബാനി മറികടന്നത്. ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചികയിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.
ചൈനയിലെ വലിയ കുപ്പിവെള്ള കമ്പനി ഉടമയായ ഴോംഗിന്റെ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച്ച ഭീമൻ ഇടിവ് നേരിട്ടിരുന്നു. 20 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി തകര്‍ച്ച നേരിട്ടത്. അതോടെ അംബാനി മുന്നിലെത്തുകയും ചെയ്തു.
നേരത്തെ, ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതായിരുന്ന മുകേഷ് അംബാനിക്ക് 2020 അവസാനത്തിലാണ് കാലിടറിയത്. 82.8 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. കഴിഞ്ഞ വര്‍ഷം 90 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 6.62 ലക്ഷം കോടിയാണ് ഒരു വര്‍ഷത്തിനിടെ ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
76.6 ബില്യൺ ഡോളറാണ് ഴോംഗിന്റെ നിലവിലെ ആസ്തി. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് 22 ബില്യൺ കുറവ് രേഖപ്പെടുത്തിയതോടെയാണ് അദ്ദേഹം രണ്ടാമതായത്.