യുവതിയും സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണി; നാലു പേർ കൂടി പിടിയിൽ

ആലപ്പുഴ: സ്വർണ്ണക്കടത്ത് സംഘം മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദുവും സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് പോലീസ്. സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. പേസ്റ്റ് രൂപത്തിലാക്കിയാണ് ബിന്ദു സ്വർണ്ണം എത്തിച്ചതെന്നാണ് സൂചന. പല തവണ ബിന്ദു സ്വർണ്ണം കടത്തിയിട്ടുണ്ട്.

തിരുവല്ല സ്വദേശി ബിനോ വർ​ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് പുതിയതായി അറസ്റ്റിലായത്. ഇവർ ഇന്നലെ തന്നെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് വിവരം. ഇവരുൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവുമെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വർണ്ണം കടത്തിയത്. അന്ന് ബെൽറ്റിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വർണ്ണം കടത്തിയത്. ഈ സ്വർണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാൽ, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.

സ്വർണ്ണക്കടത്ത് കേസ് ആയതിനാൽ കസ്റ്റംസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റംസ് ഇന്ന് മാന്നാറിലെത്തി തെളിവുകൾ ശേഖരിക്കും.