ഇന്റർനെറ്റിനും കൊറോണ ! ; വേഗത കുത്തനെ താഴേയ്ക്ക്

ന്യൂഡെൽഹി: കൊറോണയിൽ അകപ്പെട്ട് രാജ്യത്തെ ഇന്റർനെറ്റും. ലോക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ ഇന്റർനെറ്റിനു പഴയത് പോലെ വേഗത ലഭിക്കുന്നില്ല എന്ന ഉപഭോക്താക്കളുടെ പരാതികൾ ഏറി വരികയാണെന്നാണ് കമ്പനിക്കാർ പറയുന്നു.
ഇന്റര്‍നെറ്റ് വേഗതയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ഓക്‌ലയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഇന്റര്‍നെറ്റ് വേഗത കുത്തനെ താഴേക്കാണ്.
ഓക്‌ലയുടെ മാര്‍ച്ചിലെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ആഗോള തലത്തില്‍ 130-ാം സ്ഥാനത്താണ്. ബ്രോഡ്ബാന്‍ഡിലാകട്ടെ 71-ാം സ്ഥാനമാണ് ഇന്ത്യക്ക്.

കൊറോണ മഹാമാരിയായതോടെ ലോകത്തെ ഭൂരിഭാഗം മനുഷ്യരും വീടുകളില്‍ അടച്ചുപൂട്ടിയിരിപ്പാണ്. 135 കോടി ജനസംഖ്യയുള്ള ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.
അതുകൊണ്ട് തന്നെ സ്വാഭാവികമായും എല്ലാവരുടെയും ഇന്റര്‍നെറ്റ് ഉപയോഗം കൂടി. ഇന്ന് ഭൂരിഭാഗം ആളുകളും തങ്ങളുടെ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയകളിലും, പുതു ചിത്രങ്ങൾ ഓൺലൈൻ ആയി കണ്ടുമാണ്.

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വേഗത 39.65 എംബിപിഎസില്‍ നിന്നും 35.98 എംബിപിഎസിലേക്കാണ് കുറഞ്ഞത്. ഈവര്‍ഷം ജനുവരി മുതല്‍ ഇന്ത്യയിലെ ശരാശരി ബ്രോഡ്ബാന്‍ഡ് വേഗതയില്‍ കുറവുവരുന്നുണ്ട്. ജനുവരിയില്‍ 41.48 എംബിപിഎസ് ആയിരുന്ന വേഗതയാണ് മാര്‍ച്ച് ആകുമ്പോഴേക്കും 5.5 എംബിപിഎസ് കുറഞ്ഞ് 35.98ലെത്തിയിരിക്കുന്നത്. അതേസമയം മൊബൈല്‍ ഡാറ്റയുടെ വേഗത 1.68എംബിപിഎസ് കണ്ട് കുറഞ്ഞിട്ടുമുണ്ട്. ഏറ്റവും കൂടുതൽ വേഗത ലഭിക്കുന്ന ജിയോ സിമ്മുകളുടെ അവസ്ഥയും ഏറെ കുറെ ഇത് തന്നെയാണ്.