തിരുവനന്തപുരം : ലോക്ക് ഡൗണിൽ കർശന ഉപാധികളോടെ ഇളവുകൾ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.
സാമ്പത്തികപ്രശ്നങ്ങളല്ല, മനുഷ്യന്റെ ജീവനാണ് വലുതെന്നും തിരുവനന്തപുരത്തെ കമ്മയൂണിറ്റി കിച്ചൺ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത കടുത്ത സാമ്പത്തിക പ്രതിസന്ധി ആണെന്നും തരാനുള്ള പണം പോലും തരാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലന്നും മന്ത്രി പറഞ്ഞു. വലിയ പലിശക്ക് വായ്പ്പ എടുത്താണ് സംസ്ഥാനം ഇപ്പോൾ മുൻപോട്ടു പോകുന്നത്. കേന്ദ്ര സർക്കാരിന്റെ വാക്കുകൾ മുഴുവൻ പൊള്ളയാണെന്നും മന്ത്രി പറഞ്ഞു.
റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ലെന്നും തരാനുള്ള സാമ്പത്തികവിഹിതമെങ്കിലും കേന്ദ്രം ഈ സമയത്ത് തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം ഈ മാസം മാത്രം സംസ്ഥാന സർക്കാരിന് പതിനയ്യായിരം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നും റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചിട്ടും ഒൻപത് ശതമാനം പലിശയാണ് കേരളം നൽകേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.