ലോക്ക് ഡൗൺ ലംഘിച്ചത് ചോദ്യം ചെയ്തു; പോലീസ് ഉദ്യോ​ഗസ്ഥന്റെ കൈവെട്ടി

ലക്നൗ : ലോക്ക് ഡൗൺ ലംഘിച്ചതിനെ ചോദ്യം ചെയ്ത പോലീസ് ഉദ്യോ​ഗസ്ഥന്റെ കൈവെട്ടി. പഞ്ചാബിലെ പട്യാല ജില്ലയിലെ പച്ചക്കറി മാർക്കറ്റിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. രണ്ടു പോലീസുകാർക്ക് മർദനമേൽക്കുകയും ചെയ്തു.

ലോക്ക് ഡൗൺ നിയന്ത്രണം ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ആക്രമിസംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൈക്ക്​ വെ​ട്ടേറ്റ അസിസ്​റ്റന്റ്​ സബ്​ ഇൻസ്​പെക്​ടർ ഹർജീത്​ സിം​ഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.

കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ പഞ്ചാബിൽ നേരത്തെ തന്നെ ലോക്ക് ഡൗൺ നീട്ടിയിരുന്നു. മേയ് ഒന്നുവരെയാണ് പഞ്ചാബിൽ ലോക് ഡൗൺ നീട്ടിയിരിക്കുന്നത്. അതിനിടയിലാണ് രാജ്യത്ത് മുഴുവനും രണ്ടഴ്ചത്തേക്ക് ലോക് ഡൗൺ നീട്ടികൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതോടെ പഞ്ചാബിൽ നിയന്ത്രനങ്ങൾ കൂടുതൽ ശക്തമാക്കി.