ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യയും പാകിസ്താനും ധാരണ

ന്യൂഡെൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യയും പാകിസ്താനും പരസ്പര ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

അതിർത്തികളിൽ പരസ്പരം പ്രയോജനകരവും സുസ്ഥിതവുമായ സമാധാനം കൈവരിക്കാനായി ആക്രമണത്തിലേക്ക് നയിക്കുന്ന പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാനായി ഇന്ത്യ-പാക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ധാരണയിലെത്തിയതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

2003 ലാണ് നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാറിൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. എന്നാൽ സമീപകാലത്ത് പാകിസ്താൻ നിരവധി തവണ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

നിയന്ത്രണ രേഖയ്ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികൾ നേരിടുന്ന പ്രതികൂല സാഹചര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് വെടിനിർത്തർ കരാർ പാലിക്കാൻ ധാരണയിലെത്തിയതെന്ന് ഡൽഹിയിലെ ഒരു സൈനിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. പരസ്പര ധാരണയിലൂടെ അതിർത്തിയിലെ അക്രമണങ്ങളും സംഘർഷങ്ങളും കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.