ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വാക്സിനേഷൻ്റെ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ. 60 കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് കൊറോണ വാക്സിനേഷൻ മാർച്ച് ഒന്നുമുതൽ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ ലഭിക്കും. സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
നിലവിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കാണ് കൊറോണ വാക്സിൻ നൽകി വരുന്നത്. മാർച്ച് ഒന്നുമുതൽ 60 വയസിന് മുകളിലുള്ള മുതിർന്നവർക്ക് വാക്സിൻ ലഭ്യമാക്കും. ഇതിന് പുറമേ മറ്റു രോഗങ്ങൾ അലട്ടുന്ന 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഈ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.
സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖേനയാണ് വാക്സിനേഷൻ നടത്തുക. 10000 സർക്കാർ ആശുപത്രികളും 20000 സ്വകാര്യ ആശുപത്രികളുമാണ് വാക്സിനേഷൻ സെന്ററുകളായി പ്രവർത്തിക്കുക. സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് ഒന്നേകാൽ കോടി ജനങ്ങളാണ് വാക്സിൻ സ്വീകരിച്ചത്. കൃത്യമായി പറഞ്ഞാൽ 1,21,65,598 പേർ വാക്സിൻ സ്വീകരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.