കൊല്ലം: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മത്സ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാര്‍ ഇപ്പോള്‍ പറയുന്നു. എന്തുകൊണ്ട് ആദ്യംതന്നെ ഇത് പറഞ്ഞില്ലെന്നും കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നതിനിടയിൽ രമേശ് ചെന്നിത്തല ചോദിച്ചു.
2019 ഓഗസ്റ്റ് രണ്ടിനാണ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ കണ്ട് ഇഎംസിസി അധികൃതര്‍ ചര്‍ച്ച നടത്തിയത്. അന്ന് എന്തുകൊണ്ട് ആ പദ്ധതി തള്ളിക്കളഞ്ഞില്ല. മന്ത്രിയാണ് ഇഎംസിസി പ്രതിനിധികളെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും കൂട്ടി ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല. മത്സ്യനയത്തിന് വിരുദ്ധമാണെങ്കില്‍ എന്തുകൊണ്ടാണ് അവരെ തിരിച്ചയക്കുന്നതിന് പകരം ചര്‍ച്ച നടത്തിയത്.
മത്സ്യനയത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് കമ്പനിയെ തിരിച്ചയച്ചുവെന്ന വാദം തെറ്റാണ്. ഈ പദ്ധതി മത്സ്യത്തൊഴിലാളികളുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. എന്നാല്‍ ഫിഷറീസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം മനസിലായില്ല. മത്സ്യനയത്തിന് വിരുദ്ധമായ പദ്ധതി കൊണ്ടുവന്ന് വലിയ ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെയും രണ്ട് മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്നത്.
കൃത്യമായ മേല്‍വിലാസം പോലുമില്ലെന്ന് വിദേശകാര്യം മന്ത്രാലയം കണ്ടെത്തിയ കമ്പനിയുമായി എങ്ങനെ സര്‍ക്കാര്‍ പദ്ധതിയുണ്ടാക്കി. അങ്ങനെയൊരു കമ്പനിക്ക് 400 യാനങ്ങള്‍ നിര്‍മിക്കാന്‍ എങ്ങനെയാണ് കരാര്‍ നല്‍കിയത്. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.