കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡെൽഹിയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നിർബന്ധമാക്കി

ന്യൂഡെൽഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡെൽഹിയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നിർബന്ധമാക്കി. കൊറോണ സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ നിർബന്ധമാക്കിയത്. മറ്റന്നാള്‍ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മാർച്ച് 15 വരെയാണ് ആർടിപിസിആർ നിർബന്ധമാക്കിയിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയും കര്‍ണാടകയിലും നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയായിരുന്നു. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് വിമാന മാർഗമോ ട്രെയിന് മാർഗമോ വരുന്നവര്‍ക്കും 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും.