വാഷിംഗ്ടണ്‍: മെക്സിക്കോ മയക്കുമരുന്നു മാഫിയാ തലവന്‍ ജൊവാക്കിം എല്‍ ചാപോ ഗുസ്മാന്റെ ഭാര്യ അമേരിക്കയില്‍ അറസ്റ്റില്‍. ഗുസ്മാന്റെ ഭാര്യ എമ്മ കൊറോണല്‍ ഐസ്പുറോ (31) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തില്‍ ഭര്‍ത്താവിനെ സഹായിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്.
വടക്കന്‍ വിര്‍ജീനിയയിലെ ഡാളസ് വിമാനത്താവളത്തില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹെറോയിന്‍, കൊക്കെയ്ന്‍, മരിജുവാന തുടങ്ങിയ മയക്കുമരുന്നുകള്‍ അമേരിക്കയിലേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യാന്‍ ഗൂഡാലോചന നടത്തിയെന്നാണ് എമ്മയ്ക്കെതിരായ കേസ്.
യുഎസിലേയ്ക്ക് ടണ്‍ കണക്കിന് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ട് വര്‍ഷം മുമ്പ് പിടിയിലായ ഗുസ്മാന്റെ വിചാരണ വേളയില്‍ എമ്മ സ്ഥിരമായി എത്തിയിരുന്നു. ഗുസ്മാനെ അമേരിക്കയ്ക്കു കൈമാറുന്നതിനുമുമ്പ് 2016 ല്‍ രണ്ടാമത്തെ ജയില്‍ ചാട്ടത്തിനു ശ്രമിച്ചതിലും ഭാര്യക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.
ചൊവ്വാഴ്ച വാഷിംഗ്ടണിലെ കോടതിയില്‍ ഇവരെ ഹാജരാക്കും. 2015 ല്‍ മെക്സിക്കന്‍ ജയിലില്‍ നിന്ന് ഗുസ്മാന് രക്ഷപ്പെട്ടതില്‍ എമ്മയ്ക്കു പങ്കുണ്ടെന്നും പോലീസ് പറയുന്നു.