സെക്രട്ടേറിയറ്റിന് മുന്നിലെ സമരം; ദേശീയ ഗെയിംസ് മെഡൽ ജേതാവിനെ ജില്ലാ ടീമിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 42 ദിവസമായി സമരം ചെയ്തതിന് ദേശീയ ഗെയിംസ് മെഡൽ ജേതാവിന് ജില്ലാ ടീമിൽ ഇടം നൽകിയില്ലെന്ന് പരാതി. ഞായറാഴ്ച നടന്ന ജില്ലാ തല ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച എസ്. രമ്യയെ സെലക്ഷൻ നൽകാതെ ഖൊ-ഖൊ അസോസിയേഷനും സ്‌പോർട്സ് കൗൺസിൽ അധികൃതരും ചേർന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം.

ജോലി കിട്ടില്ലേ, പിന്നെന്തിന് മത്സരിക്കണമെന്ന് പറഞ്ഞാണ് തന്നെ ഒഴിവാക്കിയതെന്ന് രമ്യ പറയുന്നു. 13 വർഷമായി ദേശീയ മത്സരങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് ചിറയിൻകീഴ് സ്വദേശിയായ രമ്യ. സാഫ് ഗെയിംസിനുള്ള ഇന്ത്യൻ ക്യാമ്പിൽ അംഗവും കഴിഞ്ഞവർഷത്തെ സംസ്ഥാനത്തെ മികച്ച താരവുമായിരുന്നു.

ഞായറാഴ്ചയാണ് ആറ്റിങ്ങൽ ശ്രീപാദം ഗ്രൗണ്ടിൽ ജില്ലാ തല ഖൊ ഖൊ ചാമ്പ്യൻഷിപ്പ് നടന്നത്. രമ്യ പങ്കെടുത്ത ആറ്റിങ്ങൽ സ്‌പോർട്ടി ക്ലബ് മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. എന്നാൽ 28ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട തിരുവനന്തപുരം ജില്ലാ ടീമിൽ രമ്യയ്ക്ക് അവസരം നൽകിയില്ല.

സമരവേദിയിൽ നിന്ന് മത്സരത്തിന് പോയ രമ്യയ്ക്ക് സംസ്ഥാന,​ ദേശീയ മത്സരങ്ങൾ നഷ്ടമാക്കുന്നതാണ് ഈ വിലക്ക്.അതേസമയം, സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ഗെയിംസ് ജേതാക്കൾ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി. പ്രതിഷേധത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ നിയമനം സംബന്ധിച്ച ഫയൽ ധനകാര്യ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് കായികാദ്ധ്യാപകനായ പ്രദീപ് പറഞ്ഞു. തീരുമാനമാകുന്നത് വരെ സമരം തുടരാൻ തന്നെയാണ് തീരുമാനം.